തിരുവനന്തപുരം:രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം ഏറ്റുവാങ്ങിയ നടൻ മോഹൻലാലിനെ സംസ്ഥാന സർക്കാരിനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ ആദരിച്ചു. മോഹൻലാലിനുള്ള അംഗീകാരം മലയാള സിനിമയ്ക്കുള്ള അംഗീകാരം കൂടിയാണെന്ന് മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞു.
ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്ക് അതുല്യപ്രതിഭയായ മോഹൻലാൽ നൽകിയ മഹത്തായ സംഭാവനകൾക്കുള്ള ആദരവാണ് ഈ പുരസ്‌കാരം. ഈ നേട്ടം ഓരോ മലയാളിക്കും അഭിമാനിക്കാനുള്ള വക നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാളിയുടെ 'ആൾട്ടർ ഈഗോ'
"നടപ്പിലും ഇരിപ്പിലും നോട്ടത്തിലും ശരീരഭാഷയിലും ഇത്രത്തോളം മലയാളിയെ സ്വാധീനിച്ച അധികം താരങ്ങളില്ല. മലയാളിയുടെ അപരവ്യക്തിത്വം അഥവാ ആൾട്ടർ ഈഗോയാണ് മോഹൻലാൽ എന്ന് ബ്രിട്ടീഷ് നരവംശശാസ്ത്രജ്ഞർ എഴുതിയത് അതുകൊണ്ടാവണം. നമ്മുടെ വീട്ടിലെ ഒരംഗമായി, അല്ലെങ്കിൽ തൊട്ടയൽപക്കത്തെ പ്രിയപ്പെട്ട ഒരാളായി മലയാളികൾ അദ്ദേഹത്തെ കാണുന്നു," മുഖ്യമന്ത്രി പറഞ്ഞു.
1978ലെ 'തിരനോട്ടം' എന്ന സിനിമ മുതൽ കഴിഞ്ഞ 48 വർഷക്കാലമായി മോഹൻലാൽ മലയാളികൾക്കൊപ്പമുണ്ട്. കഴിഞ്ഞ അരനൂറ്റാണ്ടിലെ മലയാളിയുടെ സിനിമാനുഭവത്തിൽ മോഹൻലാൽ സൃഷ്ടിച്ച കഥാപാത്രങ്ങൾ നൽകിയ ഭാവാനുഭവങ്ങൾ ഏറ്റവും സൂക്ഷ്മമായി ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വഴക്കമേറിയ നടനശരീരമാണ് അദ്ദേഹത്തിൻ്റേതെന്നും, 'ചിത്രം', 'കിലുക്കം', 'വന്ദനം' തുടങ്ങിയ സിനിമകൾ അതിന് ഉദാഹരണങ്ങളാണെന്നും മുഖ്യമന്ത്രി എടുത്തുപറഞ്ഞു.
ഫാൽക്കെ, രാജാരവിവർമ്മ ബന്ധം
ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മലയാളത്തെ തേടിയെത്തിയ ഈ സന്ദർഭത്തിൽ രാജാരവിവർമ്മയെക്കുറിച്ചുള്ള ചരിത്രവും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. കിളിമാനൂരിൽ നിന്നുപോയ രാജാരവിവർമ്മ ലോണാവാലയിൽ സ്ഥാപിച്ച സ്വന്തം പ്രസ്സ് വിറ്റുനൽകിയ പണം കൊണ്ടാണ്, അദ്ദേഹത്തിൻ്റെ സഹായിയായിരുന്ന ഫാൽക്കെ തൻ്റെ ആദ്യ ചിത്രമെടുക്കുന്നത്. രാജാരവിവർമ്മ ഇന്ത്യൻ ചിത്രകലയുടെ ആചാര്യനായി; ഫാൽക്കെ ഇന്ത്യൻ ചലച്ചിത്ര കലയുടെ ആചാര്യനായി. ഫാൽക്കെയുടെ അനുഗ്രഹം ഏറ്റുവാങ്ങുന്ന മോഹൻലാൽ ഇന്ത്യൻ ചലച്ചിത്രാഭിനയ കലയുടെ സമുന്നത പീഠത്തിന് അധിപനുമായിരിക്കുന്നുവെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചു.
ഇരുപത് വർഷത്തിനുശേഷമാണ് ഈ അംഗീകാരം മലയാളത്തെ തേടിയെത്തുന്നത്. 2004-ലാണ് അടൂർ ഗോപാലകൃഷ്ണന് ഈ അംഗീകാരം ലഭിച്ചത്.
അഭിനയ പാഠപുസ്തകം
"മോഹൻലാൽ ചിതങ്ങൾ 1980 മുതൽ 2025 വരെയുള്ള കേരളത്തിൻ്റെ നാലരപ്പതിറ്റാണ്ടുകാലത്തെ സാമൂഹികവും സാംസ്കാരികവുമായ വികാസപരിണാമങ്ങളുടെ ദൃശ്യപരമായ അനുഭവരേഖ തന്നെയാണ്," അദ്ദേഹം പറഞ്ഞു. 1986ൽ 34 സിനിമകളിൽ അഭിനയിച്ച അദ്ദേഹത്തിൻ്റെ സമർപ്പണത്തെ മുഖ്യമന്ത്രി പ്രശംസിച്ചു.
അന്താരാഷ്ട്ര തലത്തിൽ മലയാളത്തിൻ്റെ യശസ്സുയർത്തിയ 'വാനപ്രസ്ഥം' എന്ന ചിത്രത്തിലെ പ്രകടനം അവിസ്മരണീയമാണ്. 'വാനപ്രസ്ഥം' കണ്ട ഫ്രഞ്ചുകാർ ഓസ്കർ കിട്ടാതെ പോയ പ്രതിഭ എന്ന് മോഹൻലാലിനെ വിശേഷിപ്പിച്ചപ്പോൾ, "ഇവിടെ ജനിച്ചതുകൊണ്ടാണ് ഇത്രയും നല്ല വേഷങ്ങൾ കിട്ടിയത്" എന്ന് വിനയാന്വിതനായി മറുപടി നൽകിയ അദ്ദേഹത്തെ മലയാളികൾക്ക് അഭിമാനത്തോടെയല്ലാതെ കാണാനാവില്ലെന്നും ആ വാക്കുകളിൽ നിറഞ്ഞുനിൽക്കുന്ന കേരളമെന്ന വികാരം മാതൃകാപരമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
അഭിനയകലയുടെ പാഠപുസ്തകം എന്നാണ് അദ്ദേഹത്തിനു പിന്നാലെ സിനിമയിൽ വന്ന പല നടന്മാരും മോഹൻലാലിനെക്കുറിച്ച് അഭിപ്രായപ്പെട്ടിട്ടുള്ളത്. അഭിനയത്തോടുള്ള അദ്ദേഹത്തിൻ്റെ ആത്മാർത്ഥതയും അർപ്പണബോധവും പുതുതലമുറ മാതൃകയാക്കണം. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും അഭിനയിച്ച മോഹൻലാൽ ഇന്ന് ദക്ഷിണേന്ത്യയിലെ ഏറ്റവും വിപണിമൂല്യമുള്ള സൂപ്പർതാരം കൂടിയായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
'ആശിർവാദ് സിനിമാസി'ൻ്റെ ബാനറിൽ വലിയ ബജറ്റിലുള്ള സിനിമകൾ നിർമ്മിച്ച് മലയാള ചലച്ചിത്ര വ്യവസായത്തെ താങ്ങിനിർത്തുന്ന ചലച്ചിത്ര നിർമ്മാതാവ് കൂടിയാണ് മോഹൻലാൽ. 'ഭരതം', 'വാനപ്രസ്ഥം' എന്നീ ചിത്രങ്ങളിലൂടെ രണ്ടു തവണ ഇന്ത്യയിലെ ഏറ്റവും മികച്ച നടനുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
"കഴിഞ്ഞ അരനൂറ്റാണ്ടോളമായി മലയാളിക്ക് എന്നും അഭിമാനിക്കാനുള്ള നേട്ടങ്ങൾ ഉണ്ടാക്കിത്തരുന്ന മലയാളത്തിൻ്റെ ഇതിഹാസ താരം മോഹൻലാലിനെ സംസ്ഥാന സർക്കാരിൻ്റെ അനുമോദനമറിയിക്കുന്നു; കൂടുതൽ ഉയരങ്ങളിലേക്കെത്താൻ അദ്ദേഹത്തിനു കഴിയട്ടെ എന്നാശംസിച്ചു കൊണ്ട്" മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
newsquilon@gmail.commgpratheeshmail@gmail.comsaandesh@gmail.compratheesh.pgn@gmail.com janeeshanchumana@gmail.com janeeshanchumana@gmail.com hariprasadganga@gmail.com >, radiosaanthwanam90.4fm@gmail.com < radiosaanthwanam90.4fm@gmail.com >, < jerinjoy@mm.co.in >,